എങ്ങനെ അഴിമതി നടത്താമെന്നതില്‍ ഡോക്ടറേറ്റ് എടുത്തവരുണ്ട്, എല്ലാകാലവും രക്ഷപെടാനാകില്ല: മുഖ്യമന്ത്രി
Thursday, May 25, 2023 12:40 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഹാഭൂരിഭാഗം പേരും സംശുദ്ധമായി സര്‍വീസ് ജീവിതം നയിക്കുമ്പോഴും ഒരു വിഭാഗം കൈക്കൂലിയുടെ രുചി അറിഞ്ഞവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് അഭിമാനകരമാണ്. എന്നാല്‍ എങ്ങനെ അഴിമതി നടത്താമെന്നതില്‍ ഡോക്ടറേറ്റ് എടുത്ത ചിലര്‍ സർക്കാർ സര്‍വീസിലുണ്ടെന്ന കാര്യം ഗൗരവമായി കാണുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള മുനിസിപ്പല്‍ കോര്പറേഷന് സ്റ്റാഫ് യൂണിയന് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവുമധികം പ്രശ്നം നേരിടേണ്ടി വരുന്നത് റവന്യൂ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ താലൂക്ക് തല അദാലത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കാര്‍ക്ക് എല്ലാകാലത്തും രക്ഷപെടാനാകില്ല. പിടിക്കപ്പെട്ടാല്‍ അവരതിന്റെ പ്രയാസം നേരിടേണ്ടിവരും. അഴിമതിയോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
പാലക്കയം കൈക്കൂലിക്കേസിനെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വില്ലേജ് അസിസ്റ്റന്റ് പിടിയിലായ കാര്യം ഓഫീസിലെ മറ്റുള്ളവര്‍ അറിഞ്ഞില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ചിലര്‍ സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം. എന്നാല്‍ കൂടെയുള്ളവര്‍ അറിയാതെ അഴിമതി സാധ്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളെ സർക്കാർ ജീവനക്കാര്‍ ശത്രുക്കളായി കാണരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.