വീണ്ടും ശ്രദ്ധ മോഡല്‍ കൊലപാതകം: ഹൈദരാബാദില്‍ പങ്കാളി യുവതിയുടെ മൃതദേഹം ആറ് കഷണങ്ങളാക്കി
Thursday, May 25, 2023 2:35 PM IST
ഹൈദരബാദ്: പണം തിരികെ ചോദിച്ചതിന്റെ പേരില്‍ കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ദില്‍സുഖ്നഗര്‍ ഏരിയയിലെ ചൈതന്യപുരിയിലുള്ള ബി ചന്ദ്രമോഹന് (48) ആണ് പിടിയിലായത്.
ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന യെരം അനുരാധ റെഡ്ഡി (55)ആണ് കൊല്ലപ്പെട്ടത്. പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ 15 വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ അവര്‍ ചന്ദ്രമോഹന്റെ വീടിന്റെ താഴത്തെ നിലയിലായിരുന്നു താമസം.
ഈ മാസം 17ന് മലക്പേട്ടിലെ മൂസി നദിക്കരയിലെ നടപ്പാതയില്‍ സ്ത്രീയുടെ തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. വിവരം ജിഎച്ച്എംസി പ്രവര്‍ത്തകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എട്ട് ടീമുകളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. മേയ് 10 മുതല്‍ 17 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍, കാണാതായവരുടെ പട്ടിക എന്നിവ പരിശോധിച്ച ഹൈരബാദ്പോലീസ് ഒടുവില്‍ പ്രതിയിലേക്കെത്തിച്ചേരുകയായിരുന്നു. ചോദ്യം ചെയ്യലില്‍ സ്ത്രീയെ കൊലപ്പെടുത്തി ശരീരം ആറ് ഭാഗങ്ങളായി മുറിച്ചതായി ചന്ദ്രമോഹന് സമ്മതിച്ചു.
ഓഹരിവിപണിയില്‍ നിക്ഷേപിക്കാനായി ചന്ദ്രമോഹന് അനുരാധയില്‍ നിന്നും ഏഴു ലക്ഷം കടം വാങ്ങിയിരുന്നു. എന്നാല്‍ കോവിഡ് -19 നിമിത്തം അത് നഷ്ടത്തിലായി. അനുരാധ ഈ പണം തിരികെ ചോദിക്കാന്‍ തുടങ്ങിയതോടെയാണ് ചന്ദ്രമോഹന് അവരെ കൊല്ലാന്‍ പദ്ധതിയിട്ടത്.
ഇന്റര്‍നെറ്റില്‍ നിന്നും ശരീരം മുറിക്കേണ്ടതും മറവ് ചെയ്യേണ്ടതുമായ വിധം പ്രതി മനസിലാക്കി. പിന്നീടാണ് കൊല ചെയ്തത്. 15ന് അനുരാധയുടെ വീട്ടിലെത്തിയ ചന്ദ്രമോഹന് കത്തികൊണ്ട് അവരുടെ നെഞ്ചിലും വയറിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിന്നീട് സംസ്കരിക്കാനായി മൃതദേഹം പല കഷ്ണങ്ങളാക്കുകയായിരുന്നു. കല്ല് വെട്ടുന്ന യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതി ഇവരുടെ ശരീരം ആറ് കഷ്ണങ്ങളാക്കി മുറിച്ചു. കൈകാലുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ശരീരത്തിന്റെ ഒരുഭാഗം സ്യൂട്ട്കേസിലും സൂക്ഷിച്ചു. അറുത്തുമാറ്റിയ തല പ്രതി മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.
അനുരാധയുടെ ഫോണ്‍ കൈക്കലാക്കിയ പ്രതി അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് അറിയാവുന്ന ആളുകള്‍ക്ക് മെസേജ് അയയ്ക്കുകയും ചെയ്തു. ദുർഗന്ധം അകറ്റാൻ ക്ലീനിംഗ് ഉപകരണങ്ങളും പെർഫ്യൂമും ഉപയോഗിച്ചു. അയല്‍വാസികള്‍ക്കോ ചന്ദ്രമോഹന്റെ അമ്മയ്ക്കോ കൊലപാതകത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
ഡല്‍ഹിയിലെ ശ്രദ്ധ വോള്ക്കറിന്റേയും നിക്കി യാദവിന്റേയും കൊലപാതകത്തിന് സമാനമാണ് ഈ സംഭവവും. 2022ല്‍ പങ്കാളിയായ ശ്രദ്ധ വോള്‍ക്കറെ യുവാവ് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു.
ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളായി മുറിച്ച് മൂന്നാഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ അഫ്താബ് എന്നയാളാണ് അറസ്റ്റിലായത്. മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ വോള്‍ക്കര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.