മരണവേഗം; ഡ്യൂക്കിൽ ട്രിപ്പിളടിച്ച യുവാക്കൾ ടോറസ് ഇടിച്ച് മരിച്ചു
Thursday, May 25, 2023 9:41 PM IST
കോട്ടയം: കുമാരനല്ലൂരിൽ ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ചു മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. സംക്രാന്തി പ്ലാക്കിൽപറന്പിൽ ബാബുവിന്റെ മകൻ ആൽവിൻ ബാബു (20), സംക്രാന്തി തോണ്ടുതറയിൽ സക്കീർ ഹുസൈന്റെ മകൻ മുഹമദ് ഫാറൂഖ് (20), തിരുവഞ്ചൂർ തൂത്തൂട്ടി പുതുപ്പറന്പിൽ പ്രദീപിന്റെ മകൻ പ്രവീണ്‍ മാണി (20) എന്നിവരാണു മരിച്ചത്.
വൈകുന്നേരം ആറിനു കുമാരനല്ലൂർ - കുടമാളൂർ റോഡിൽ കൊച്ചാലുംമൂട് മില്ലെനിയം ജംഗ്ഷനിലെ വളവിലായിരുന്നു അപകടം. കുടമാളൂർ ഭാഗത്തുനിന്നു ഡ്യൂക്ക് ബൈക്കിൽ എത്തിയ യുവാക്കൾ എതിർദിശയിൽനിന്നുമെത്തിയ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു.
മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതിനിടെ വളവു തിരിഞ്ഞെത്തിയ ടോറസിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. മൂവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. അമിതവേഗത്തിൽ ബൈക്ക് വരുന്നതു കണ്ട് മണ്ണുമായി പോകുകയായിരുന്ന ടോറസ് ലോറിയുടെ ഡ്രൈവർ പരമാവധി വെട്ടിച്ചു മാറ്റിയെങ്കിലും ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ മൂന്നുപേരെയും ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.