പൊന്നന്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസിലെ പ്രധാന പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി
Friday, May 26, 2023 2:34 AM IST
പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണസ്വാമി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ. പത്തനം തിട്ട സെഷൻസ് കോടതിയിലാണ് തൃശൂർ സ്വദേശിയായ നാരായണ സ്വാമി ജാമ്യാപേക്ഷ നൽകിയത്. ഏറെ വിവാദമായ കേസിൽ ഒളിവിൽ കഴിയുന്ന നാരായണസ്വാമി നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ വനം വകുപ്പ് തടസ ഹർജി നൽകിയിട്ടുമുണ്ട്.
നിലവിൽ നാല് പ്രതികളെയാണു അറസ്റ്റു ചെയ്തിട്ടുള്ളത്. നാരായണ സ്വാമി അടക്കം ആറു പേരെക്കൂടി കേസിൽ പിടികൂടാനുണ്ട്. മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാരായണസ്വാമിയുടെ നേതൃത്വത്തിൽ പൊന്നന്പലമേട്ടിൽ പൂജ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
പ്രധാന പ്രതികൾക്ക് പൊന്നമ്പലമേട്ടിലേക്ക് എത്താൻ വഴികാട്ടികളായിരുന്ന വനം വകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരും ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണനും കൊച്ചുപന്പ കെഎഫ്ഡിസി കോളനിയിൽ താമസിക്കുന്ന ഈശ്വരൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്. ഈശ്വരന്റെ അറസ്റ്റ് കഴിഞ്ഞദിവസം മൂഴിയാർ പോലീസാണ് രേഖപ്പെടുത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.