ഹോട്ടലുടമയെ കൊന്നു കൊക്കയിൽ തള്ളിയ കേസ്: ട്രോളി ബാഗ് കണ്ടെത്തി
Friday, May 26, 2023 7:43 AM IST
മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചുരത്തിൽ തള്ളിയ സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയാതായി സൂചന. അട്ടപ്പാടിയിൽ ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായാണ് മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്.
ഹോട്ടലുടമയായ തിരൂര്‍ സ്വദേശി സിദ്ദിഖ് ( 58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേര്‍ പിടിയിലായിരുന്നു. മണ്ണാർക്കാട് സ്വദേശികളായ ഷിബിലി, ഫര്‍ഹാന എന്നിവരാണ് കസ്റ്റഡിയിലായത്. ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് എന്നാണ് കരുതുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ തിരൂർ പോലീസെത്തി അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചു.