ഭീതി പരത്തി വീണ്ടും അരിക്കൊമ്പൻ; കുമളി ഭാഗത്തേക്ക് ഓടുന്നു
സ്വന്തം ലേഖകൻ
Saturday, May 27, 2023 2:55 PM IST
കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് ജനവാസ മേഖലയിലേക്ക് വീണ്ടും ഇറങ്ങിയോടി അരിക്കൊമ്പൻ. പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിൽനിന്നിരുന്ന ആന വിരണ്ടോടുകയായിരുന്നു. കുമളി ഭാഗത്തേക്കുള്ള റോഡിലൂടെയാണ് ആന നീങ്ങുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും ആനയ്ക്ക് പിന്നാലെയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ആന വിരണ്ടോടിയത്.
കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഞായറാഴ്ച അതിരാവിലെ തുടങ്ങുമെന്നാണ് സൂചന. ശ്രീവല്ലി പുത്തൂർ - മേഘമല ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല.
അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.