"സാരെ ജഹാൻ സേ അച്ഛാ' യുടെ രചയിതാവിനെയും വെട്ടി; മുഹമ്മദ് ഇഖ്ബാലും സിലബസിന് പുറത്തേക്ക്
Saturday, May 27, 2023 5:38 PM IST
ന്യൂഡല്‍ഹി: ദേശഭക്തി ഗാനമായ "സാരെ ജഹാൻ സേ അച്ഛാ' യുടെ രചയിതാവ് കവി മുഹമ്മദ് ഇഖ്ബാലിനെയും പാഠപ്പുസ്തകത്തിൽനിന്നും വെട്ടുന്നു. ഡൽഹി സർവകലാശാലയുടെപൊളിറ്റിക്കല് സയന്‍സ് സിലബസില്‍ നിന്നുമാണ് മുഹമ്മദ് ഇഖ്ബാലിനെ ഒഴിവാക്കുന്നത്.
സിലബസില്‍ നിന്ന് മുഹമ്മദ് ഇഖ്ബാലിനെ നീക്കാൻ ഡല്‍ഹി യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ വെള്ളിയാഴ്ച പ്രമേയം പാസാക്കി. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള മോഡേണ്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പാഠഭാഗമാണ് ഒഴിവാക്കിയത്.
എക്സിക്യൂട്ടീവ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. "ഇഖ്ബാല്‍: കമ്മ്യൂണിറ്റി' എന്ന യൂണിറ്റിലാണ് അക്കാദമിക് കൗണ്‍സിൽ മാറ്റം വരുത്താനൊരുങ്ങുന്നത്. 11 യൂണിറ്റുകളിലായി, പ്രധാന ദാര്‍ശനികരുടെ ആശയങ്ങള്‍ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.
രാജാ റാം മോഹൻ റോയി, പണ്ഡിറ്റ് രമാബായ്, സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, ഭീമറാവു അംബേദ്കർ എന്നിവരെ കുറിച്ചുള്ള അധ്യായങ്ങളും വിദ്യാർഥികൾക്ക് പഠിക്കാനുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈവിധ്യത്തെ കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകാനാണ് ഇത്തരമൊരു അധ്യായം ഉൾപ്പെടുത്തിയതെന്നാണ് സിലബസിന്റെ ആമുഖത്തിൽ പറയുന്നത്.