പരിധിക്കു പുറത്ത് കടമെടുക്കാൻ അനുവദിച്ചാൽ കേരളം ശ്രീലങ്കയാകും: വി.മുരളീധരൻ
Monday, May 29, 2023 7:57 PM IST
തിരുവനന്തപുരം : പരിധിക്കു പുറത്തു കടമെടുക്കാൻ അനുവദിച്ചാൽ കേരളം ശ്രീലങ്കയാകുമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. അതിന് കേന്ദ്രം കൂട്ടുനിൽക്കില്ല. വായ്പാപരിധി കേന്ദ്രം കുറച്ചെന്ന വാദം തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു കൂടുതൽ കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണു കേരളം. ധൂർത്തും കെടുകാര്യസ്ഥതയുമാണ് കടത്തിനു കാരണം. വിവിധ പെൻഷനുള്ള കെ.വി. തോമസിന് സ്റ്റാഫും വാഹനവും ഒരു ലക്ഷം രൂപയുടെ ഓണറേറിയവും നൽകുന്നതെന്തിനെന്ന് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം കേരളത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവം കാര്യമറിയാത്തതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ ഉള്ളതാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തെഴുതുന്പോൾ വിശദീകരണം നൽകും.
മുഖ്യമന്ത്രിക്കു നീന്തൽക്കുളം, മന്ത്രിമാർക്ക് വിദേശത്തേക്ക് വിനോദയാത്ര തുടങ്ങിയ ധൂർത്തും അനുവദിക്കാനാകില്ല. സമീപത്തെ വിവിധ രാജ്യങ്ങളുടെ സാന്പത്തികാവസ്ഥ നമ്മുടെ രാജ്യത്തിന് ഉണ്ടാകാതിരിക്കാനാണു നിയന്ത്രണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.