മെഡലുകൾ ഗംഗയിൽ ഒഴുക്കിയില്ല; ഗുസ്തിതാരങ്ങളെ പിന്തിരിപ്പിച്ച് കർഷക നേതാക്കൾ
Tuesday, May 30, 2023 8:40 PM IST
ഹരിദ്വാർ: പ്രാണൻ നൽകി രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കി കളയുന്നതിൽനിന്നും ഗുസ്തിതാരങ്ങളെ പിന്തിരിപ്പിച്ച് കർഷക നേതാക്കൾ.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിൽ ഗുസ്തിതാരങ്ങളുടെ അടുത്തെത്തി ആശ്വസിപ്പിച്ചാണ് അവരെ കടുത്ത തീരുമാനത്തിൽനിന്നും പിന്തിരിപ്പിച്ചത്.
ഹരിദ്വാറിൽ ഗംഗയുടെ തീരത്തെ സ്നാനഘട്ടിൽ ഒന്നരമണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനും വൈകാരിക രംഗങ്ങൾക്കും ഒടുവിലാണ് രാജ്യത്തിന് അഭിമാനമായ താരങ്ങൾ തങ്ങളുടെ തീരുമാനത്തിൽനിന്നും പിന്തിരിഞ്ഞത്.
രാജ്യത്തിനായി നേടിയ മെഡലുകളെല്ലാം നെഞ്ചോട് ചേർത്താണ് ഹരിദ്വാറിലെ ഗംഗയുടെ തീരത്തേക്ക് സാക്ഷിമാലിക്കും വിനേഷ് ഫോഗട്ടും ഉൾപ്പെടെ ഗുസ്തിതാരങ്ങൾ എത്തിയത്. ആയിരക്കണക്കിന് ആളുകളും ഗംഗയുടെ ഇരുകരകളിലുമായി തടിച്ചുകൂടിയിരുന്നു.
മെഡലുകളെ നെഞ്ചോട് ചേർത്ത് ഗംഗാതീരത്ത് പൊട്ടിക്കരഞ്ഞ് നിസഹായരായി നിൽക്കുന്ന കായിക താരങ്ങൾ രാജ്യത്തിന്റെ ആകെ നൊമ്പര കാഴ്ചയായി. ഇതോടെയാണ് ജാട്ട് നേതാക്കളും കർഷക നേതാക്കളും ഗുസ്തിതാരങ്ങളെ അനുനയിപ്പിക്കാൻ ഹരിദ്വാറിലേക്ക് എത്തിയത്.
അഞ്ച് ദിവസത്തിനുള്ളിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി വീണ്ടും എത്തുമെന്നും താരങ്ങൾ അറിയിച്ചു.