ബ്രിജ് ഭൂഷണെതിരെ നടപടി: രാഷ്ട്രപതിയെ കാണും, ഡൽഹി അതിർത്തി അടയ്ക്കും: കർഷക സംഘടന
Thursday, June 1, 2023 7:45 PM IST
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത് അറിയിച്ചു. ബ്രിജ് ഭൂഷൺ സിംഗിനെതിരെ പോസ്കോ കേസെടുത്തിട്ടും എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതെന്ന് രാകേഷ് ടികായത് ചോദിച്ചു.
ഗുസ്തി താരങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡൽഹിയുടെ അതിർത്തികൾ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രപതിയെയും ആഭ്യന്തര മന്ത്രിയേയും കാണുന്നതു സംബന്ധിച്ച് ഖാപ് പഞ്ചായത്ത് ചേർന്ന് തീരുമാനമെടുക്കും. വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നും രാകേഷ് ടികായത് പറഞ്ഞു.