അരിക്കൊമ്പനെ മയക്കുവെടിവച്ചു; ആനയെ മാറ്റുന്നത് വെള്ളിമലയിലേക്കെന്ന് സൂചന
Monday, June 5, 2023 9:21 AM IST
കമ്പം: മയക്കുവെടിയേറ്റ അരിക്കൊമ്പനുമായി തമിഴ്നാട് വനംവകുപ്പ് സംഘം ആനിമല്‍ ആംബുലൻസിൽ യാത്ര തുടരുകയാണ്. കൊന്പനെ വെള്ളിമല വനമേഖലയിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന.
പ്രതിഷേധസാധ്യത ഉള്ളതിനാൽ ആനയെ എവിടേയ്ക്കാണ് മാറ്റുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. ആനയുമായുള്ള വാഹനം നിലവില്‍ തേനി ബൈപ്പാസിലെത്തി. ഇവിടെ നിന്ന് വെള്ളിമലയിലേക്ക് നാല്പത് കിലോമീറ്ററോളം ദൂരമാണുള്ളത്.
യാത്രയ്ക്കിടയില്‍ കൊമ്പന് രണ്ടുതവണ തുമ്പിക്കൈ പുറത്തേയ്ക്കിട്ടു. തുമ്പിക്കൈയില്‍ ആഴത്തിലേറ്റ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല.
രാവിലെ തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്ത് വച്ചാണ് ആനയെ മയക്കുവെടിവച്ചത്. അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടിവച്ചത്.
രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. മലയോര പ്രദേശത്തായിരുന്ന ആന സമതലപ്രദേശത്ത് എത്തിയതോടെ വെടിവയ്ക്കുകയായിരുന്നു.