ആറു വയസുകാരിയുടെ കൊലപാതകം: പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
Thursday, June 8, 2023 8:20 PM IST
ആലപ്പുഴ: മാവേലിക്കര നക്ഷത്ര കൊലക്കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. നക്ഷത്രയുടെ പിതാവ് മഹേഷാണ് മാവേലിക്കര സബ് ജയിലിവച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കഴുത്തിലെയും കൈയിലേയും ഞരന്പ് മുറിക്കുകയായിരുന്നു. മുറിവ് ഗുരുതരമെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. തൊട്ടടുത്തു മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.
ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈക്കു വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വർഷം മുന്പ് ജീവനൊടുക്കിയിരുന്നു.