വടകരയില്‍ വീണ്ടും മത്സരിക്കാന്‍ തയാര്‍, പുനഃസംഘടനയിലെ തർക്കങ്ങൾ പരിഹരിക്കണം : കെ.മുരളീധരന്
Saturday, June 10, 2023 12:45 PM IST
കോഴിക്കോട്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് വീണ്ടും മത്സരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്.
സിറ്റിംഗ് എംപിമാര്‍ മാറി നിന്നാല്‍ കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന പ്രതീതി സൃഷ്ടിക്കും. അതുണ്ടാക്കാന്‍ താത്പര്യപ്പെടുന്നില്ല. പുതുമുഖങ്ങള്‍ വന്നാല്‍ താന്‍ മാറിനില്ക്കാന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ നിരവധി നേതാക്കളുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നവര്‍ അവിടെ പ്രവര്‍ത്തിക്കട്ടെ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും മുരളീധരന് കൂട്ടിച്ചേർത്തു.
നേരത്തെ ലോക്സഭാ സീറ്റില്‍ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരന് പ്രഖ്യാപിച്ചിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ തിരുത്തിയത്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് അടക്കമുള്ള ജില്ലകളിലെ ബ്ലോക്ക് കോണ്‍ഗ്രസ് പട്ടികയില്‍ അപാകതകളുണ്ടെന്ന് മുരളീധരന് പറഞ്ഞു.
ഇത് സംബന്ധിച്ച് തര്‍ക്കവും വിമര്‍ശനവും ഉന്നയിച്ചവരെല്ലാം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാരാണ്. അവരുടെ അഭിപ്രായം കൂടി പരിഗണിച്ച് വേണം പുനഃസംഘടന പൂര്‍ത്തിയാക്കാനെന്നും അദ്ദേഹം പറഞ്ഞു.