കണ്ണൂർ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനലിസ്റ്റിനെ ചോദ്യം ചെയ്ത് എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. കണ്ണൂർ ജില്ലയിലെ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ.വി. സനൽകുമാറിന്‍റെ പരാതിയിലാണു കേസ്.

കോൺഗ്രസിന്‍റെ ഭരണഘടന തത്വങ്ങളും വ്യവസ്ഥകളും പരസ്യമായി ലംഘിച്ച് ബൂത്ത്തലം മുതലുള്ള സംഘടന തെരഞ്ഞെടുപ്പ് നടത്താതെ സ്വാർഥ താൽപര്യം മുൻനിർത്തി ഭാരവാഹികളെ തീരുമാനിച്ചതിനെതിരേയാണ് പരാതി നൽകിയതെന്ന് സനൽകുമാർ പറഞ്ഞു.

ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെ നേതാക്കളുടെ തോഴൻമാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റിൽ ഉൾപെടുത്തിയതിനെയും പരാതിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഖാർഗെയെ കൂടാതെ എഐസിസി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, ടി.യു. രാധാകൃഷ്ണൻ, നിയുക്ത മാടായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് രാജൻ എന്നിവരെയും പ്രതിചേർത്താണു കേസ്.