സതീശനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പകപോക്കലല്ല: എം.വി. ഗോവിന്ദൻ
സ്വന്തം ലേഖകൻ
Saturday, June 10, 2023 3:04 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പകപോക്കൽ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
അന്വേഷണത്തിൽ സതീശൻ പേടിക്കേണ്ട. വിദേശത്തുപോയി പിരിച്ച ഫണ്ടിന് കണക്കില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെയും വിദ്യയുടെയും വിഷയം രണ്ടാണ്. വിദ്യ നടത്തിയത് തട്ടിപ്പാണെന്നും ആർഷോയ്ക്ക് എതിരേ നടന്നത് വൻ ഗൂഢാലോചനയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സോളാർ കേസിൽ ജുഡീഷൽ കമ്മീഷനെ നിശ്ചയിച്ചത് കോൺഗ്രസാണ്. അവർ നിശ്ചയിച്ച കമ്മീഷനെ സംബന്ധിച്ച് സിപിഎം എന്തിന് മാപ്പുപറയണമെന്നും ഗോവിന്ദൻ ചോദിച്ചു.