മെഡിക്കൽ പ്രവേശനത്തിന് കേന്ദ്രീകൃത കൗണ്‍സിലിംഗ്; ഗസറ്റ് വിജ്ഞാപനമിറക്കി എൻഎംസി
Saturday, June 10, 2023 8:18 PM IST
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ബിരുദ കോഴ്സുകളിലേയ്ക്ക് ഇനി മുതൽ കേന്ദ്രീകൃത കൗണ്‍സിലിംഗ് നടപ്പാക്കണമെന്ന നിർദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). നീറ്റ് യുജി മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാകണം മെഡിക്കൽ ബിരുദ കോഴ്സുകളിലേയ്ക്ക് കൗണ്‍സിലിംഗ് നടത്തേണ്ട തെന്നും എൻഎംസി വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യ മെഡിക്കൽ സീറ്റുകളിലേയ്ക്കും (15 ശതമാനം) കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും കേന്ദ്രമാണ് കൗണ്‍സിലിംഗ് നടത്തുന്നത്. സർക്കാർ കോളേജുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കുമാണ് സംസ്ഥാനം കൗണ്‍സിലിംഗ് നടത്തുന്നത്.
എന്നാൽ ഇനി മുതൽ രാജ്യത്തെ സർക്കാർ, സ്വകാര്യ, കൽപിത മെഡിക്കൽ സർവകലാശാലകളിലേയ്ക്ക് നൂറ് ശതമാനം കേന്ദ്രീകൃത പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഎംസിയുടെ നിർദേശം. പ്രവേശന പ്രക്രിയ വേഗത്തിലാക്കി വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കുന്നതിനാണ് ലക്ഷ്യമെന്നും എൻഎംസി വ്യക്തമാക്കി.