ടെസ്റ്റ് ലോകകപ്പ്: ഇനി ഏഴു പേർ, വീഴുമോ വാഴുമോ
Saturday, June 10, 2023 11:04 PM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യൻ പോരാട്ടം. അവസാന ദിനം പൂർണമായി ക്രീസിൽ പിടിച്ചുനിന്നാൽ മാത്രമേ ഇന്ത്യക്ക് സമനില നേടാൻ സാധിക്കൂ. 444 റണ്‍സ് ആണ് ഓസ്ട്രേലിയ ഇന്ത്യക്കു മുന്നിൽ വച്ചിരിക്കുന്ന ലക്ഷ്യം. സ്കോർ: ഓസ്ട്രേലിയ 469, 270/8 ഡിക്ലയേർഡ്. ഇന്ത്യ 296.
444 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യക്ക് മുന്നിൽവച്ച ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം കുറിച്ചു. ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തി.
എട്ടാം ഓവർ എറിയാനെത്തിയ സ്കോട്ട് ബോലണ്ടിന്റെ ആദ്യപന്തിൽ ഗള്ളിയിൽ കാമറൂണ്‍ ഗ്രീനിന്റെ ഉജ്വല ഇടംകൈ ക്യാച്ചിലൂടെ ഗിൽ പുറത്ത്. ക്യാച്ച് എടുക്കുന്നതിനിടെ ഗ്രീനിന്റെ കൈ മൈതാനത്ത് ഉരസുന്നത് റീപ്ലേയിൽ കാണാമായിരുന്നു. എങ്കിലും തേർഡ് അന്പയറിന്റെ വിധി ഗില്ലിന് എതിരായി. അവിശ്വസനീയതയോടെ ഗിൽ ക്രീസ് വിട്ടു.
നിരാശയോടെ രോഹിത് ശർമ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ഓസീസ് ക്യാന്പിൽ വിക്കറ്റ് നേട്ടത്തിന്റെ സന്തോഷം... അതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 7.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 എന്ന നിലയിൽ ടീ ബ്രേക്കിനു പിരിഞ്ഞു. 20.4 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലായി ഇന്ത്യ. ഗില്ലിനു (18) പിന്നാലെ രോഹിത് ശർമ (43), ചേതേശ്വർ പൂജാര (27) എന്നിവരും പുറത്തായി. നാലാം ദിനം കളി നിർത്തുന്പോൾ വിരാട് കോഹ്ലിയും (44), അജിങ്ക്യ രഹാനെയുമാണ് (20) ക്രീസിൽ.
രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 41 റണ്‍സുമായി മാർനസ് ലബൂഷെയ്നും ഏഴ് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമായിരുന്നു ക്രീസിൽ. ലബൂഷെയ്ന് തലേദിനത്തിലെ സ്കോറിനോട് ഒരു റണ്‍ പോലും ചേർക്കാൻ സാധിച്ചില്ല.
105 പന്തിൽ 66 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ അലക്സ് കാരെയാണ് ഓസീസ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്ക് 57 പന്തിൽ 41 റണ്‍സ് നേടി. സ്കോർ 270ൽ നിൽക്കുന്പോൾ എട്ടാം വിക്കറ്റിന്റെ രൂപത്തിൽ പാറ്റ് കമ്മിൻസ് (5) പുറത്ത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.