വീണുടഞ്ഞ് ഇന്ത്യ; ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്മാർ
Sunday, June 11, 2023 5:44 PM IST
ഓവൽ: ലോക ക്രിക്കറ്റിലെ അധിപന്മാർ തങ്ങളാണെന്ന് ഓസ്ട്രേലിയ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തെളിയിച്ചിരിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ 209 റൺസിന്റെ കൂറ്റൻ തോൽവിയിലേക്ക് തള്ളിവിട്ട ഓസീസ്, തങ്ങളുടെ ഒമ്പതാം ഐസിസി ട്രോഫി സ്വന്തമാക്കി.
പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളിലായി ഓസ്ട്രേലിയ നേടുന്ന 22-ാം ഐസിസി കിരീടത്തിന് ഇന്ത്യ ബലിയാടായത് നാണംകെട്ട രീതിയിലാണ്. നാലാം ഇന്നിംഗ്സിൽ 444 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 234 റൺസിന് പുറത്തായി. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഡബ്ല്യുടിസി ഫൈനൽ തോൽവിയാണിത്.
സ്കോർ:
ഓസ്ട്രേലിയ 469, 270/8
ഇന്ത്യ 296, 234
അഞ്ചാം ദിനം മുഴുവൻ ബാറ്റ് ചെയ്ത് മത്സരത്തിൽ സമനില നേടാമെന്ന വിശ്വാസത്തോടെ ക്രീസിൽ മടങ്ങിയെത്തിയ വിരാട് കോഹ്ലി(49) വേഗം പുറത്തായി. തലേദിവസത്തെ സ്കോറിൽ നിന്ന് അഞ്ച് റൺസ് മാത്രമാണ് കോഹ്ലിക്ക് കൂട്ടിച്ചേർക്കാനായത്.
രവീന്ദ്ര ജഡേജ സ്കോട്ട് ബോളണ്ടിന്റെ രണ്ട് പന്തുകൾ മാത്രം നേരിട്ട് സംപൂജ്യനായി പവിലിയനിലേക്ക് മടങ്ങിയതോടെ ആസാധ്യ വിജയം എന്ന നേർത്ത സ്വപ്നം കണ്ടിരുന്ന അമിത ശുഭാപ്തി വിശ്വാസമുള്ള ഇന്ത്യൻ ആരാധകർ വരെ സമനില എന്ന മനോഭാവത്തിലേക്ക് മാറി.
എന്നാൽ ടൂർണമെന്റ് ഫൈനലുകളിൽ വിജയതൃഷ്ണ മൂർഛിപ്പിച്ച് കളിക്കുന്ന ഓസീസ്, ബൗളർമാരെ കൃത്യമായി വിനയോഗിച്ച് ഇന്ത്യൻ നിരയെ തൂത്തുവാരി. പ്രതിരോധം തീർത്ത അജിങ്ക്യ രഹാനെ(46) വേഗം മടങ്ങിയതോടെ ഷാർദുൽ ഠാക്കൂർ(0), ശ്രീകർ ഭരത്(23) എന്നിവരും കീഴടങ്ങി.
നേഥൻ ലയണിന്റെ പന്തിൽ റിവേഴ്സ് സ്വീപ് കളിക്കാൻ ശ്രമിച്ച മുഹമ്മദ് സിറാജ്(1) ബോളണ്ടിന് ക്യാച്ച് സമ്മാനിച്ചതോടെ ഇന്ത്യൻ പതനം പൂർണമായി.
ലയൺ നാലാം ഇന്നിംഗ്സിൽ നാല് വിക്കറ്റുകൾ നേടിയപ്പോൾ ബോളണ്ട് മൂന്ന് വിക്കറ്റുകൾ പിഴുതു. മിച്ചൽ സ്റ്റാർക് രണ്ടും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ 163 റൺസ് നേടി വമ്പൻ ടീം സ്കോർ പടുത്തുയർത്തിയ ട്രാവിസ് ഹെഡ് ആണ് കളിയിലെ താരം.
രണ്ടാം ദിനത്തിലെ ഇന്ത്യൻ ഇന്നിംഗ്സ് കണ്ടപ്പോൾ മുതൽ ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്ന് സ്ഥിരം ന്യായീകരണ പല്ലവികളായ ഐപിഎൽ ക്ഷീണം, ഋഷഭ് പന്തിന്റെയും ജസ്പ്രീത് ബുംറയുടെയും പരിക്ക്, ടോസിന് ശേഷമുള്ള മോശം തീരുമാനം എന്നിവ ഉയർന്നുവന്നിരുന്നു.
എങ്കിലും ഒരു ദശാബ്ദമായി തുടരുന്ന ട്രോഫി ദാരിദ്യത്തിന് അറുതിവരുത്താൻ ഭാവിയിൽ ടീം മാനേജ്മെന്റ് എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് കാത്തിരുന്ന് കാണാം.