പകർച്ചപ്പനികൾക്കെതിരെ നിരീക്ഷണം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോർജ്
Wednesday, June 14, 2023 10:26 PM IST
തിരുവനന്തപുരം: മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണം. ഫീൽഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകർച്ചപ്പനി റിപ്പോർട്ട് ചെയ്താൽ ഉടനടി ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ഔട്ട്ബ്രേക്ക് ഉണ്ടായാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കണം. ജില്ലാതല പ്രവർത്തനങ്ങൾ കൃത്യമായി സംസ്ഥാനതലത്തിൽ വിലയിരുത്തി മേൽനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ പകർച്ചപ്പനി സാഹചര്യം വിലയിരുത്താൽ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.