ടി.പി. വധക്കേസ് പ്രതി തോക്കുകടത്തിയത് ഭരണത്തണലിലെന്ന് സുധാകരൻ
Saturday, June 17, 2023 10:02 PM IST
തിരുവനന്തപുരം: ജയിലിൽ കിടക്കുന്ന ടി.പി. വധക്കേസ് നാലാം പ്രതി ടി.കെ. രജീഷ് കേരളത്തിലേക്കു തോക്കുകടത്തിയത് ഭരണത്തണലിലാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
ഇതുമായി ബന്ധപ്പെട്ട് കർണാടക പോലീസ് രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് എടുക്കേണ്ട നടപടിയാണ് കർണാടക പോലീസ് എടുത്തത്. ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുന്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ടി.പി. വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുന്നു.
തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ട കൾക്ക് സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണെന്ന് കരുതപ്പെടുന്നു.
പിണറായി വിജയൻ അധികാരമേറ്റ ശേഷം ടി.പി വധക്കേസ് പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഫോണ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്ക് ജയിലിൽ ലഭിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് ആയുധംവരെ കടത്തിയിട്ടും പിണറായി വിജയൻ സംരക്ഷകനായിരിക്കുന്നത് ഇവരുമായുള്ള അഭേദ്യമായ ബന്ധംകൊണ്ടാണെന്ന് സുധാകരൻ പറഞ്ഞു.