സിപിഎമ്മിന്റെ കെണിയിൽ വീഴില്ലെന്നതിന്റെ തെളിവാണ് ലീഗിന്റെ തീരുമാനം: കെ.സുധാകരൻ
Sunday, July 9, 2023 7:45 PM IST
കണ്ണൂർ: ഏകീകൃത സിവിൽ കോഡ് നിയമവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനം ഉചിതവും സ്വാഗതാർഹവുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
രാഷ്ട്രീയ ലക്ഷ്യംവച്ച് ലീഗിനെയും കോൺഗ്രസിനെയും തമ്മിൽ തെറ്റിക്കാനും അഭിപ്രായ ഭിന്നതയുണ്ടാക്കാനുമാണ് സിപിഎം ശ്രമിച്ചത്. അവർക്ക് കുറുക്കന്റെ നയമാണ്. സിപിഎമ്മിന്റെ കെണിയിൽ ലീഗ് വീഴില്ലെന്ന് തെളിയിച്ച നടപടിയാണ് സിപിഎമ്മിന്റെ സെമിനാറിൽനിന്ന് വിട്ടുനിൽക്കാനുള്ള അവരുടെ തീരുമാനമെന്നും കെ. സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസും ലീഗും ഒരു പോലെ പ്രതികരിക്കുന്നു എന്നതാണ് ലീഗിന്റെ നിലപാട് വ്യക്തമാക്കുന്നത്.
ലീഗും കോൺഗ്രസും അഭിപ്രായ ഭിന്നതയില്ലെന്നതിന്റെ തെളിവ് കൂടിയാണിത്. ലീഗിന്റെ വികാരവിചാരങ്ങൾ എന്നും ഉൾക്കൊണ്ട പാർട്ടിയാണ് കോൺഗ്രസ്. അത് നാളെയും തുടരും. മുസ്ലിം ലീഗ് ഒരിക്കലും കോൺഗ്രസിനെ വിട്ടുപോകില്ല. യുഡിഎഫ് മുന്നണി സംവിധാനത്തിന്റെ സൂത്രധാരകരിലെ പ്രധാനിയാണ് മുസ്ലിം ലീഗെന്നും സുധാകരൻ കൂട്ടിച്ചേർത്തു.