മുഖ്യമന്ത്രിയുടെ തല പരിശോധിക്കണമെന്ന് കെ. സുധാകരൻ
Wednesday, November 29, 2023 6:21 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തല പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആക്രമിക്കുന്നതിനെ രക്ഷാപ്രവർത്തനം ആക്കുന്നത് പുതിയ കണ്ടുപിടിത്തമാണെന്നും സുധാകരൻ പ്രതികരിച്ചു.
കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തില്‍ നിജസ്ഥിതി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
കേരത്തിന്റെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങള്‍ക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കരുതെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിഷേധത്തിന് തങ്ങള്‍ എതിരല്ലെന്നും കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊണ്ടോട്ടിയിലെ നവകേരള സദസ് പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ വന്നപ്പോള്‍, രണ്ടു മൂന്നാളുകള്‍ കരിങ്കൊടി വീശിയെന്നും താന്‍ അവരെ കൈവീശിക്കാണിച്ചെന്നും മുഖ്യമന്ത്രി കൊണ്ടോട്ടിയില്‍ പറഞ്ഞു.