എസ്ടി സംവരണം; പ്രതിഷേധം അവസാനിപ്പിച്ച് ഈറോഡിലെ മലയാളി സമൂഹം
Tuesday, June 20, 2023 9:51 PM IST
ഈറോഡ്: പട്ടികവർഗ സംവരണം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് മലയാളികളായ വെള്ളാളർ സമുദായാംഗങ്ങൾ ഈറോഡിലെ കടമ്പൂരിൽ നടത്തിയ പ്രതിഷേധം അവസാനിച്ചു.
മലൈ വെള്ളാള്ളർ എന്ന് അറിയപ്പെടുന്ന 32,000 അംഗങ്ങളുള്ള സമുദായം നിലവിൽ തമിഴ്നാട്ടിലെ ഒബിസി സംവരണപട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്.
സർക്കാർ ജോലികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളും ലഭിക്കാൻ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ഇതിനാൽ എസ്ടി സംവരണം ആവശ്യമാണെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി കടമ്പൂർ മലമേഖലയിലെ റോഡ് ഇവർ ഉപരോധിച്ചിരുന്നു. സംവരണാവശ്യം അംഗീകരിക്കുന്നത് വരെ കുട്ടികളെ സ്കൂളിൽ വിടില്ലെന്നും ഇവർ അറിയിച്ചിരുന്നു.
ഇന്ന് പുലർച്ചയോടെ ഈറോഡ് ജില്ലാ കളക്ടർ രാജഗോപാൽ ശങ്കരയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് റോഡ് ഉപരോധം അവസാനിപ്പിച്ച് ഇവർ വീടുകളിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് 2,500 പേരടങ്ങുന്ന സംഘം റോഡ് ഉപരോധിച്ച് പ്രതിഷേധം ആരംഭിച്ചത്.