വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെഎസ്യു നേതാവിന് മുൻകൂർ ജാമ്യം
Friday, June 23, 2023 11:45 PM IST
കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സൃഷ്ടിച്ചെന്ന കേസിൽ കെഎസ്യു സംസ്ഥാന കൺവീനർ അൻസില്‍ ജലിലിന് മുൻകൂർ ജാമ്യം. രണ്ടാഴ്ചത്തേക്കാണ് അൻസിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഏഴ് ദിവസത്തിനുള്ളിൽ അൻസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നും ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ ബോണ്ട് എന്ന വ്യവസ്ഥയിന്മേൽ ജാമ്യത്തിൽ വിടണമെന്നും കോടതി അറിയിച്ചു.
വ്യാജ സർട്ടിഫിക്കറ്റുമായി അൻസിലിന് നേരിട്ട് ബന്ധമുണ്ടോയെന്ന് തെളിഞ്ഞിട്ടില്ലെന്നും ഇയാൾ ഏതെങ്കിലും സ്ഥാപനത്തിൽ ഈ രേഖ സമർപ്പിച്ചതായി അറിവില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാൻ അറിയിച്ചു.
ആരോപിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് താൻ കണ്ടിട്ടു പോലുമില്ലെന്നും വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അൻസില്‍ പറയുന്നത്.
താൻ പഠിച്ചത് ബിഎ ഹിന്ദി ലിറ്ററേച്ചര്‍ ആണ്. എന്നാൽ പ്രചരിക്കുന്നത് കോമേഴ്സ് സര്‍ട്ടിഫിക്കറ്റ് ആണ്. ചിലര്‍ ഗൂഢാലോചനയുടെ ഭാഗമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റാണ് പ്രചരിക്കുന്നതെന്നും അൻസില്‍ പറഞ്ഞിരുന്നു.
അൻസില്‍ ജലീലിന്റെതായി പ്രചരിക്കുന്ന രേഖകള്‍ കേരള യൂണിവേഴ്സിറ്റിയുടെ അല്ലെന്ന് രജിസ്ട്രാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കേറ്റില്‍ ഉള്ള വിസിയുടെ ഒപ്പും സീരിയല്‍ നമ്പറും വ്യാജമാണ്.