വിദ്യയുടെ "കെ - രേഖ' ഫോണിലുണ്ടെന്ന് പോലീസ്
Friday, June 23, 2023 7:06 PM IST
പാലക്കാട്: അധ്യാപന ജോലിക്കായി മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ തയാറാക്കിയ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് അവരുടെ മൊബൈൽ ഫോണിലുണ്ടെന്ന സൂചന നൽകി പോലീസ്.
വിദ്യയുടെ ഫോണിലെ ഇ-മെയിലുകൾ പലതും ഡിലീറ്റ് ചെയ്തെന്നും ഇതിൽ വ്യാജ സർട്ടിഫിക്കറ്റും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും പോലീസ് അറിയിച്ചു. ഇത് അറിയാനായി വിദ്യയുടെ രണ്ട് മൊബൈൽ ഫോണുകൾ സൈബർ വിദഗ്ധർ പരിശോധിക്കും.
ഫോണിലെ ഫോട്ടോഷോപ്പ് ആപ്പ് വഴിയാകാം വിദ്യ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും ഇത് കണ്ടെത്താൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു.
വ്യാജ രേഖ നിര്‍മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞു പഠിപ്പിച്ച പോലെയുളള പ്രതികരണമാണിതെന്നാണ് പോലീസ് സംശയം.
ബയോഡാറ്റയിലെ "മഹാരാജാസ്' പരാമര്‍ശം കൈപ്പിഴയെന്ന് പോലീസിനോടും വിദ്യ ആവര്‍ത്തിച്ചു. അട്ടപ്പാടി കോളജിലെ മുഖാമുഖത്തില്‍ മഹാരാജാസ് കോളജിന്റെ പേരില്‍ താന്‍ സമര്‍പ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സര്‍ട്ടിഫിക്കറ്റ് കോളജ് പ്രിന്‍സിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ മൊഴിനല്‍കി.
ഇത് തന്റെ തലയിലാക്കി. ഫയലില്‍ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാന്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ അധ്യാപകരില്‍ ചിലരുടെ പ്രേരണയില്‍ അട്ടപ്പാടി പ്രിന്‍സിപ്പല്‍ താന്‍ വ്യാജരേഖ സമര്‍പ്പിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വിദ്യ പറഞ്ഞു.