കുവൈറ്റിലെ അനധികൃത താമസം: 1.30 ലക്ഷം പ്രവാസികളെ പുറത്താക്കും
Sunday, June 25, 2023 3:20 AM IST
കുവൈറ്റ് സിറ്റി: അനധികൃത താമസക്കാർക്ക് എതിരെയുള്ള നടപടി ശക്തമാക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. 1,30,000 താമസ നിയമലംഘകര്‍ കുവൈറ്റിലുണ്ടെന്നാണ് പബ്ലിക് അഥോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്കുകളിലുള്ളത്.
നാടുകടത്തേണ്ട ഭൂരിപക്ഷം പ്രവാസികളില്‍ ഭൂരിഭാഗവും വിസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ കമ്പനികളുടെ സ്പോൺസർഷിപ്പിലാണുള്ളത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വീസക്കച്ചവടത്തിന് ഇരയായി കുവൈത്തിൽ എത്തുന്നവരിൽ ഏറെയും.
ഇവരിൽ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി . അതിനിടെ നിയമ ലംഘനങ്ങൾക്കെതിരെ നിലവില്‍ നടക്കുന്ന സുരക്ഷാപരിശോധനകള്‍ തുടരുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസലംഘകരെ കണ്ടെത്തി മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇത്തരക്കാര്‍ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുവാനായി യാത്രാ നിരോധനവും ഏര്‍പ്പെടുത്തുമെന്നാണ് സൂചന.