"അമ്മ' ജനറല്‍ ബോഡി ഇന്ന്; ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകിയേക്കില്ല
Sunday, June 25, 2023 3:36 PM IST
കൊച്ചി: യുവ നടന്മാരുടെ മോശം പെരുമാറ്റം, സിനിമ ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം തുടങ്ങിയ വിവാദങ്ങള്‍ക്കിടെ താരസംഘടന അമ്മയുടെ 29-ാമത് ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ സംഘടനയില്‍ പുതിയതായി അംഗത്വം ലഭിച്ച താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കും.
ജനറല്‍ ബോഡി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളടക്കം തീരുമാനിക്കുന്നതിനായി ഇന്നലെ എക്സിക്യൂട്ടീവ് യോഗവും ചേര്‍ന്നു. പുതിയ അംഗത്വത്തിനായ ലഭിച്ച 20ഓളം അപേക്ഷകളില്‍ ഭൂരിഭാഗവും അംഗീകരിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് മോശം പെരുമാറ്റത്തിന്റെ പേരില്‍ കേസും ആരോപണങ്ങളും നേരിട്ട ശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷയില്‍ ഭിന്നാഭിപ്രായം ഉയര്ന്നതിനാലാൽ ഇന്നലെയും തീരുമാനമായില്ല.
ഇന്ന് നടക്കുന്ന ജനല്‍ ബോഡി യോഗത്തില്‍ സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളും ചര്‍ച്ചയാകും. അമിതമായ ലഹരി ഉപയോഗത്തെത്തുടര്‍ന്ന് ഒരു നടന്റെ പല്ല് പൊടിഞ്ഞുതുടങ്ങിയെന്നും തന്റെ മകന് ഓഫര്‍ വന്നെങ്കിലും അഭിനയിക്കാന്‍ വിടാന്‍ ഭയമാണെന്നും അമ്മ എക്സിക്യൂട്ടീവ് അംഗംകൂടിയായ ടിനി ടോമിന്റെ വെളിപ്പെടുത്തലില്‍ സംഘടന നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ കാര്യവും ഇന്ന് ചര്‍ച്ചയാകും.
ഷൂട്ടിംഗ് സെറ്റിലെ പോലീസ് പരിശോധന സംബന്ധിച്ചും താരങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. ഈ വിഷയത്തിലും നേതൃത്വം ഇന്ന് അഭിപ്രായം തേടും.