തെലുങ്കാനയിൽ തിളയ്ക്കുന്നതെന്ത്? കോൺഗ്രസിലേക്ക് കൂട്ടപ്പാലായനം നടത്താൻ നേതാക്കൾ
ജോർജ് സഖറിയ
Monday, June 26, 2023 11:45 PM IST
ഹൈദരാബാദ്: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഏറ്റവുമധികം കാത്തിരുന്നത് തെലുങ്കാനയിലെ രാഷ്ട്രീയ നേതാക്കളാണെന്ന വാദം ശരിവയ്ക്കുന്ന കൂടുമാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.
പണക്കൊഴുപ്പ് കൊണ്ട് രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ, ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ഏക തുരുത്തിനെ തുടച്ചുനീക്കുന്ന വിജയം നേടിയതോടെ തെലുങ്കാനയിലെ "ആയാറാം ഗയാറാം' നേതാക്കളെല്ലാം "കൈ പിടിക്കാൻ' ഹൈക്കമാൻഡിന്റെ പിറകെയാണ്.
ഏറ്റവുമൊടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയിൽ(ബിആർഎസ്) നിന്നടക്കം 35-ഓളം നേതാക്കൾ കോൺഗ്രസിലേക്ക് കൂടുമാറാൻ ഒരുങ്ങിനിൽക്കുകയാണ്.
മുൻ എംപി പൊംഗുലേറ്റി ശ്രീനിവാസ റെഡ്ഡി, ജുപ്പല കൃഷ്ണ റാവു എന്നീ ബിആർഎസ് നേതാക്കൾ തങ്ങൾ കോൺഗ്രസിലേക്കെന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഖമ്മത്ത് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസ് റാലിയിൽ ഇവർ പാർട്ടി അംഗത്വം സ്വീകരിക്കും. ഇവർക്കൊപ്പം നിരവധി അണികളും പാർട്ടിയിൽ ചേരുമെന്നാണ് വിവരം.
അവിഭക്ത ആന്ധ്ര പ്രദേശിലെ കോൺഗ്രസ് അതികായനായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്. ശർമിളയുടെ വൈഎസ്ആർ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണിത്.
രാജശേഖര റെഡ്ഡിയുടെ മരണത്തിന് ശേഷം, മുഖ്യമന്ത്രി പദത്തിന്റെ പേരിൽ സോണിയ ഗാന്ധിയുമായി പിണങ്ങി കോൺഗ്രസ് വിട്ട മകൻ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രയിലെ തങ്ങളുടെ സംഘടനാ സംവിധാനത്തെ അപ്പാടെ വിഴുങ്ങി പുതിയ പാർട്ടിയുമായിയെത്തി ഭരണം പിടിച്ചത് മനസിൽ വച്ചാണ് ഈ നീക്കങ്ങൾ.
2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റുകളിൽ 21 എണ്ണം മാത്രമാണ് കോൺഗ്രസ് നേടിയത്. അവിഭക്ത ആന്ധ്രയിലെ 32 ലോക്സഭാ സീറ്റുകളും തൂത്തുവാരിയിരുന്ന കോൺഗ്രസിന് 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ നിന്ന് ജയിക്കാനായത് മൂന്ന് സീറ്റുകളിൽ മാത്രമാണ്.
ഈ സാഹചര്യത്തിലാണ് ഹിന്ദുത്വ ആശയങ്ങളുമായി കളംപിടിക്കാൻ ബിജെപി ശ്രമം തുടങ്ങിയത്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ചരിത്ര സ്മാരകമായ ചാർമിനാറിന് സമീപത്ത് നിർമിച്ച താൽക്കാലിക ഷെഡ്ഡിനെ ക്ഷേത്രഭൂമിയായി ചിത്രീകരിച്ച് മറ്റൊരു കർസേവാ മുന്നേറ്റം ബിജെപി ദേശീയ നേതൃത്വത്തിന്റെ ആലോചനയിലുണ്ട്.
അസദുദീൻ ഒവൈസിയുടെ എഐഎംഎമ്മിനും ബിആർഎസിനും ശക്തമായ സാന്നിധ്യമുള്ള ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലെ ന്യൂനപക്ഷ കേന്ദ്രങ്ങളെ വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാക്കാനുള്ളതായിരുന്നു ഈ തന്ത്രം.
ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കാടടച്ചുള്ള പ്രചരണം നടത്തിയതും ഇതിനാണ്. ഹൈദരാബാദ് നഗരത്തിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന് വരെ ഷാ പ്രസ്താവിച്ചിരുന്നു.
ഒരൊറ്റ നിയമസഭാ സീറ്റിൽ നിന്ന് ഉപതെരഞ്ഞെടുപ്പ് വിജയങ്ങളടക്കം നേടി ബിജെപി സംസ്ഥാത്തെ മുഖ്യ പ്രതിപക്ഷമായി മാറുന്ന സാഹചര്യത്തിനിടെയാണ് കർണാടകയിൽ കോൺഗ്രസ് തിരിച്ചെത്തിയത്.
ഹിന്ദുത്വ ആശയം തെലുങ്കാനയിൽ ഏശില്ലെന്നും കെസിആറിന്റെ വികസന മുരടിപ്പ് നയങ്ങളാണ് പ്രചരണത്തിന് ഉപയോഗിക്കണ്ടതെന്നുമുള്ള വാദങ്ങൾ ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷമാക്കിയതും കോൺഗ്രസിന് അനുകൂലമായി.
മറ്റ് പാർട്ടികളിൽ നിന്ന് കൂടുമാറിയെത്തിയവർക്ക് പ്രമുഖ സ്ഥാനങ്ങൾ നൽകിയത് ജനസംഘ കാലം മുതൽ പരിവാരത്തോട് ചേർന്ന് നിന്നവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഈ ഗ്രൂപ്പ്വഴക്കും ബിആർഎസിനെതിരായ ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നതിനാലാണ് നേതാക്കൾ കോൺഗ്രസിലേക്ക് എത്താൻ കാരണമായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ അലയൊലികളും ഇതിന് കാരണമായി.
ഈ അനുകൂല സാഹചര്യത്തിനിടയിലും പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയും നിയമസഭാ കക്ഷി നേതാവ് ഭട്ടി വിക്രമർയും തമ്മിലുള്ള ശീതസമരം കോൺഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഖാർഗെയും സംഘവും.