വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്
Tuesday, June 27, 2023 10:33 PM IST
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല.
ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. സർവകലാശാലയിലെ ഒരു കോളജിലും പഠനത്തിനായി നിഖിലിനെ പ്രവേശിപ്പിക്കരുതെന്നും കോഴ്സുകളിൽ ചേരാൻ അനുവദിക്കരുതെന്നും സിൻഡിക്കേറ്റ് നിർദേശം നൽകി.
വ്യാജ സർട്ടിഫിക്കറ്റ് വിവാദം സർവകലാശാലയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതിനാൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സർവകലാശാലകളിൽ നിന്നായി വിദ്യാർഥികൾ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പ്രത്യേക സെൽ രൂപീകരിക്കാൻ സർവകലാശാല തീരുമാനിച്ചു.
നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ, കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തി സർവകലാശാല രജിസ്ട്രാറൂം പരീക്ഷ കൺട്രോളറും അടങ്ങുന്ന സമിതിക്ക് മുമ്പാകെ ഹിയറിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചു.