വിനേഷ് ഫോഗട്ടിനും ബജ്റംഗ് പുനിയയ്ക്കും വിദേശ പരിശീലനത്തിന് അനുമതി
Thursday, June 29, 2023 7:41 PM IST
ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനും ബജ്റംഗ് പുനിയയ്ക്കും വിദേശ പരിശീലനത്തിന് കേന്ദ്രസർക്കാർ അനുമതി. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിംഗിനെതിരെ പ്രതിഷേധ സമരം അവസാനിപ്പിച്ച് ദിവസങ്ങൾക്കുശേഷമാണ് ലോക ചാന്പ്യൻഷിപ്പുകൾക്കും ഏഷ്യൻ ഗെയിംസിനും മുന്നോടിയായി വിദേശ പരിശീലനത്തിന് കേന്ദ്രം അനുമതി നൽകിയത്.
വിദേശപരിശീലനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇരുതാരങ്ങളും സ്പോർട്സ് അതോറ്റിറ്റി ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ അനുമതി നൽകിയെന്നാണ് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചത്.
ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് അഞ്ച് വരെ 36 ദിവസത്തേക്ക് കിർഗിസ്ഥാനിലെ ഇസിക്-കുലിൽ ബജ്റംഗ് പുനിയ പരിശീലനം നടത്തും. അദ്ദേഹത്തോടൊപ്പം പരിശീലകൻ സുജീത് മാൻ, ഫിസിയോതെറാപ്പിസ്റ്റ് അനൂജ് ഗുപ്ത, സ്പാറിംഗ് പാർട്ണർ ജിതേന്ദർ, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് കാസി കിരോൺ മുസ്തഫ ഹസൻ എന്നിവരും ഉണ്ടാകും. ബജ്റംഗിന്റെ യാത്രയ്ക്കായി ആകെ 9.27 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
അതേസമയം, വിനേഷ് ആദ്യം ജൂലൈ രണ്ട് മുതൽ 10 വരെ ബിഷ്കെക്കിലേക്ക് പോകും. ഈ മാസം അവസാനം വരെ വിനേഷ് പരിശീലനം നടത്തും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് ഈ കാലയളവിൽ വിനേഷ് രണ്ട് അന്താരാഷ്ട്ര പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കും. വിനേഷിനൊപ്പം പരിശീലകൻ സുദേഷും ഫിസിയോതെറാപ്പിസ്റ്റ് അശ്വിനി പാട്ടീലും ഉണ്ടാകും.