പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ പൈപ്പ് മാറ്റി സ്ഥാപിക്കല്‍ ജോലി ഏറ്റെടുത്തുന്ന കരാറുകാരനെ പുറത്താക്കി. സമയം നീട്ടിനല്‍കിയിട്ടും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജല അഥോറിറ്റിയുടെ നടപടി.

ബാക്കി ജോലി പൂര്‍ത്തിയാക്കാന്‍ റീ ടെന്‍ഡര്‍ വിളിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്കേറ്റതിനേതുടര്‍ന്ന് ശനിയാഴ്ച വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജല അഥോറിറ്റിയുടെ പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ കരാറെടുത്തവര്‍ റോഡ് മുഴുവന്‍ കുഴിച്ചിട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. പൈപ്പിട്ട ശേഷം റോഡ് പൂര്‍വസ്ഥിതിയിലാക്കിയിരുന്നില്ല.

കുഴിയടയ്ക്കാന്‍ ജല അഥോറിറ്റി കരാറുകാരന് നല്‍കിയ കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇയാളെ പുറത്താക്കിയ നടപടിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. കോടികളുടെ പദ്ധതി അവതാളത്തിലാക്കി കടന്നുകളഞ്ഞ കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഇയാളെ പുറത്താക്കി രക്ഷിക്കുകയാണ് ചെയ്തതെന്നാണ് ആക്ഷേപം.