പ്രഫുൽ പട്ടേലിനെ പുറത്താക്കി ശരദ് പവാർ; സുനിൽ താത്കരയെ അധ്യക്ഷനാക്കി അജിത്
Tuesday, July 4, 2023 6:10 AM IST
മുംബൈ: അജിത് പവാറിനൊപ്പം മറുകണ്ടം ചാടിയ മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ, സുനിൽ താത്കരെ എന്നിവരുൾപ്പെടെ അഞ്ച് നേതാക്കൻമാരെ പുറത്താക്കി ശരദ് പവാർ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ ഇരുവരും ഇനി എൻസിപിയുടെ ഭാഗമല്ലെന്ന് ശരദ് പവാർ ട്വിറ്ററിൽ അറിയിച്ചു.
പാർട്ടിയുടെ പ്രാദേശിക ജനറൽ സെക്രട്ടറി ശിവാജി റാവു ഗാർജെ, പാർട്ടിയുടെ അകോല സിറ്റി ജില്ലാ പ്രസിഡന്റ് വിജയ് ദേശ്മുഖ്, പാർട്ടിയുടെ മുംബൈ ഡിവിഷൻ വർക്കിംഗ് പ്രസിഡന്റ് നരേന്ദ്ര റാണെ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ.
ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് എംഎൽഎമാരെയും ഔദ്യോഗികമായി അയോഗ്യരാക്കാനും എൻസിപി നടപടി ആരംഭിച്ചു. പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് എൻസിപി അറിയിച്ചു. പാർട്ടി വി രുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഒമ്പത് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള പ്രമേയം സംസ്ഥാന അച്ചടക്ക സമിതി ചേർന്ന് പാസാക്കി.
എന്നാൽ ഇതിനിടെ സുനിൽ താത്കരയെ എൻസിപി അജിത് വിഭാഗം അധ്യക്ഷനാക്കി. ജയന്ത് പാട്ടിലെ പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും നീക്കി പകരം സുനിൽ താത്കരയെ നിയമിച്ചതായി രാജ്യസഭ എംപി കൂടിയായ വിമത നേതാവ് പ്രഫുൽ പട്ടേൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജയന്ത് പാട്ടീൽ ഉടൻ തന്നെ സുനിൽ തത്കരെയെ ചുമതല ഏൽപ്പിക്കണമെന്നും ഇനിയുള്ള പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും സുനിൽ തത്കരെയായിരിക്കും എടുക്കുകയെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി അജിത് പവാറിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തതായും പ്രഫുൽ പട്ടേൽ അറിയിച്ചു.
തങ്ങളുടെ തീരുമാനം മഹാരാഷ്ട്ര നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദേശീയ അധ്യക്ഷൻ ആരായിരിക്കുമെന്ന ചോദ്യത്തിന് ശരദ് പവാർ ആണെന്ന് നിങ്ങൾ മറന്നോ എന്നായിരുന്നു പ്രഫുൽ പട്ടേലിന്റെ മറുചോദ്യം.