മനീഷ് സിസോദിയയുടെ സ്വത്തുകൾ ഇഡി കണ്ടുകെട്ടി
Saturday, July 8, 2023 9:07 AM IST
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജയിലിലായ ആംആദ്മി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉള്‍പ്പെടെ കുറ്റാരോപിതരായവരുടെ സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. എല്ലാ പ്രതികളുടേതും ഉൾപ്പെടെ 52 കോടിയിലധികം വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്.
സിസോദിയയുടേയും ഭാര്യ സീമയുടേയും പേരിലുള്ള സ്ഥലങ്ങളും ഇരുവരുടേയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 11 ലക്ഷം രൂപയും ഇഡി പിടിച്ചെടുത്തു.
മദ്യനയ കേസില്‍ കുറ്റാരോപിതരായ അമന്‍ദീപ് സിംഗ് ധാള്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി.
മദ്യനയക്കേസില്‍ ഫെബ്രുവരി 26-നാണ് സിസോദിയ അറസ്റ്റിലാകുന്നത്. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.