വിംബിൾഡൺ വാഹനാപകടം; ഒരു കുട്ടി കൂടി മരിച്ചു
Monday, July 10, 2023 10:12 AM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ വിംബിംൾഡൺ മേഖലയിലെ സ്കൂൾ പരിസരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന നൂറിയ സജാദ് എന്ന എട്ട് വയസുകാരി ഞായറാഴ്ച വൈകിട്ട്(പ്രാദേശിക സമയം) ആണ് മരണത്തിന് കീഴടങ്ങിയത്. സമപ്രായക്കാരിയായ സെലന ലാവു അപകടം നടന്നയുടൻ മരിച്ചിരുന്നു.
വ്യാഴാഴ്ചയാണ് വിംബിൾഡണിലെ ക്യാംപ് റോഡിലുള്ള ദ സ്റ്റഡി പ്രെപ്പറേറ്റി സ്കൂൾ പരിസരത്തേക്ക് ഒരു ലാൻഡ്റോവർ കാർ ഇടിച്ചുകയറിയത്. വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ നടപ്പാത കടന്ന് സ്കൂളിന്റെ സമീപത്ത് നിൽക്കുകയായിരുന്ന കുട്ടികളുടെ ശരീരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ 40 വയസുള്ള ഒരു സ്ത്രീക്കും ഏഴ് മാസം പ്രായമുള്ള ഒരു കുട്ടിക്കും പരിക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനമോടിച്ച 46-കാരിയായ സ്ത്രീയെ കസ്റ്റഡിയിലെടുത്തതായും ശാരീരിക അസ്വാസ്ഥ്യം മൂലം ഇവർക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായതാകാം അപകടകാരണമെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു.
വിംബിൾഡൺ ഗ്രാൻഡ് സ്ലാം ടൂർണമെന്റ് നടക്കുന്ന വേദിയിൽ നിന്നും 15 മിനിറ്റ് അകലെ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ടൂർണമെന്റ് സംഘാടകരായ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് അസോസിയേഷനിന്റെ തലവൻ ഇയാൻ ഹെർവിറ്റ് സ്ഥലത്തെത്തി ആദരമർപ്പിച്ചിരുന്നു.