വിംബിംൾഡൺ: ഒന്നാം സീഡ് ഷ്യാംഗ്തെക്കിനെ വീഴ്ത്തി സ്വിറ്റോലിന
Tuesday, July 11, 2023 10:46 PM IST
ലണ്ടൻ: ലോക ഒന്നാം നമ്പർ താരം ഇഗ ഷ്യാംഗ്തെക്കിനെ വീഴത്തി യുക്രെയ്ൻ താരം എലെന സ്വിറ്റോലിന വിംബിൾഡൺ വനിതാ സിംഗിൾസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. സ്കോർ: 7-5,6-7(5), 6-2.
കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പണിലെ ജേതാവായ ഷ്യാംഗ്തെക്കിനെ നിസാരമായി കീഴടക്കിയാണ് സ്വിറ്റോലിന വിംബിൾഡൺ സെമി ബെർത്ത് ഉറപ്പിച്ചത്.
മാർക്കെത വോൻഡ്രുസോവയെ അടുത്ത മത്സരത്തിൽ വീഴ്ത്തിയാൽ സ്വിറ്റോലിനയ്ക്ക് കരിയറിലെ രണ്ടാം വിംബിൾഡൺ ഫൈനൽ സ്വപ്നം കാണാം. 2019-ലെ ടൂർണമെന്റ് ഫൈനലിൽ സിമോണ ഹാലെപ്പിനോട് സ്വിറ്റോലിന പരാജയപ്പെട്ടിരുന്നു.
പ്രസവാവധിക്ക് ശേഷം ഏപ്രിലിൽ മാത്രം കോർട്ടിലേക്ക് മടങ്ങിയെത്തിയ സ്വിറ്റോലിന നാല് ഗ്രാൻഡ് സ്ലാം താരങ്ങളെ വീഴ്ത്തിയാണ് വിംബിൾഡൺ സെമിയിലേക്ക് പ്രവേശിച്ചത്. ആദ്യ റൗണ്ടിൽ വീനസ് വില്യംസിനെ തകർത്ത സ്വിറ്റോലിന പിന്നീട് സോഫിയ കെനിൻ, വിക്ടോറിയ അസറെങ്ക എന്നിവരെയും പരാജയപ്പെടുത്തിയിരുന്നു.