അണ്ണൻ കളത്തിലിറങ്ങാനുറച്ച് തന്നെ; സൗജന്യ വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടുകളുമായി ദളപതി
വെബ് ഡെസ്ക്
Friday, July 14, 2023 10:12 PM IST
ചെന്നൈ: 2026-ൽ "മുതലമച്ചർ'(മുഖ്യമന്ത്രി) സ്ഥാനം നേടിയെടുക്കാൻ ദളപതി വിജയ് ഒരുങ്ങിയിറങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് താരത്തിന്റെ പുതിയ സാമൂഹ്യസേവന നീക്കം.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും "ദളപതി വിജയ് ഇൻസ്റ്റിട്യൂട്ട്' എന്ന പേരിൽ സൗജന്യ പഠനസഹായ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് താരത്തിന്റെ ആരാധക സംഘടനയായ "വിജയ് മക്കൾ ഇയക്കം' വ്യക്തമാക്കി.
തമിഴ്നാട് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ ജന്മവാർഷിക ദിനമായ ശനിയാഴ്ച പദ്ധതിക്ക് തുടക്കം കുറിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ, പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം അർപ്പിക്കാൻ ചെന്നൈയിൽ വൻ പരിപാടി വിജയ് സംഘടിപ്പിച്ചിരുന്നു.
ആരാധക കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യോഗം "ഇയക്ക'ത്തെ രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യാനുള്ള നീക്കത്തിലെ ആദ്യ പടിയായിരുന്നുവെന്ന് അഭ്യൂഹമുണ്ട്.
ഇതിനിടെ, ജവഹർലാൽ നെഹ്റുവിന്റെ വിശ്വസ്തനായിരുന്ന കാമരാജിന്റെ സദ്ഭരണ പൈതൃകാവകാശം കൈവിട്ടുപോകുമോയെന്ന ആശങ്കയിലാണ് തമിഴ്നാട്ടിലെ ദുർബലമായ കോൺഗ്രസ് സംവിധാനം.
ആറ്റ്ലി സംവിധാനം ചെയ്ത "തെരി' എന്ന ചിത്രത്തിൽ കാമരാജിനെ പുകഴ്ത്തുന്ന ഒരു സംഭാഷണം വിജയ് പറഞ്ഞിട്ടുണ്ട്. "മെർസൽ' എന്ന ചിത്രത്തിൽ ജിഎസ്ടി അടക്കമുള്ള കേന്ദ്രനയങ്ങളെ വിമർശിച്ച വിജയ്, 2021 നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തിൽ ഡിഎംകെ നിറങ്ങളായ ചുവപ്പും കറുപ്പും നിറഞ്ഞ സൈക്കിളിൽ മാസ് ആയി വോട്ട് ചെയ്യാനെത്തി തന്റെ രാഷ്ട്രീയ നിലപാടിന്റെ സൂചന നൽകിയിരുന്നു.
ജയലളിതയുടെ ഭരണകാലത്ത് അവരെ പുകഴ്ത്തുന്ന സംഗീത വീഡിയോയിൽ മറ്റ് താരങ്ങൾക്കൊപ്പം അണിനിരന്ന വിജയ് പിന്നീട് "തലൈവ' എന്ന് ഒരു ചിത്രത്തിന് പേരിട്ട് "അമ്മ'യുമായി അകന്നിരുന്നു. ഈ ചിത്രത്തിന്റെ റിലീസ് തമിഴ്നാട്ടിൽ തടയപ്പെടുന്ന സാഹചര്യം വരെയുണ്ടായിരുന്നു.
ഒടുവിൽ "സർക്കാർ' എന്ന ചിത്രത്തിൽ ജയലളിതയോട് സാമ്യമുള്ള ഒരു കഥാപാത്രത്തെ പ്രതിനായികയായി അവതരിപ്പിക്കുകയും ചെയ്തു.