കെഎസ്ആര്‍ടിസി പ്രശ്നങ്ങളൊന്നും താൻ ഉണ്ടാക്കിയതല്ല: ബിജു പ്രഭാകർ
Sunday, July 16, 2023 7:17 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളൊന്നും താൻ ഉണ്ടാക്കിയതല്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍. സ്ഥാപനം നിലനിൽക്കണമെങ്കിൽ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസബുക്ക് ലൈവിൽ കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്കുകൾ വിശദീകരിച്ചായിരുന്നു സിഎംഡിയുടെ പ്രതികരണം.
200 കോടി വരുമാനം ലഭിച്ചാൽ 160 കോടിയും മുൻകൂർ ചെലവാകുന്ന അവസ്ഥയാണുള്ളത്. ശമ്പളം നൽകാൻ കെഎസ്ആർടിസിയുടെ കൈവശമുണ്ടാകുന്നത് ശരാശരി 40 കോടി രൂപ മാത്രം. ശമ്പളം പൂർണമായും നൽകാൻ സർക്കാർ കുറഞ്ഞത് 38 കോടിയെങ്കിലും നൽകണം. പണം കൈയിൽവച്ച് ശമ്പളം നൽകാതിരിക്കുന്നില്ല. ശമ്പളം നൽകാൻ കഷ്ടപ്പെടുകയാണെന്ന് വിമർശകർ മനസിലാക്കണമെന്നും ബിജു പ്രഭാകർ പറഞ്ഞു. ഒരു വിഭാഗം തനിക്കെതിരെ അജണ്ടയുമായി മുന്നോട്ടുപോകുകയാണ്. തന്നെ അഴിമതിക്കാരനാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എഫ്ബി ലൈവിൽ പറഞ്ഞു.
ശമ്പളപ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജു പ്രഭാകര്‍ ഗതാഗത മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യ പ്പെട്ടിരുന്നു. വരവ് ചെലവ് കണക്കുകൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്ന് ബിജു പ്രഭാകർ നേരത്തെ പറഞ്ഞിരുന്നു. കെഎസ്ആർടിസിയുടെ ഇപ്പോ ഴത്തെ അവസ്ഥ അഞ്ച് എപ്പിസോഡുകളിലായി വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.