സ്വീഡനിലെ "മതഗ്രന്ഥ പോര്'; കത്തിക്കൽ പ്രതിഷേധം ഉപേക്ഷിച്ച് ഇസ്ലാം വിശ്വാസി
Sunday, July 16, 2023 11:23 AM IST
സ്റ്റോക്ഹോം: ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ പരസ്യമായി കത്തിച്ച് പ്രതിഷേധം നടത്തിയ തീവ്ര വലതുപക്ഷ അനുയായിയുടെ നടപടിക്ക് "മറുപടി' നൽകാനായി, ബൈബിളും ജൂത വിശുദ്ധ ഗ്രന്ഥമായ തോറയും കത്തിക്കാനിരുന്ന പ്രതിഷേധം സ്വീഡനിലെ പ്രതിഷേധക്കാരൻ ഉപേക്ഷിച്ചു.
സിറിയൻ സ്വദേശിയും സ്വീഡനിലെ സ്ഥിരതാമസക്കാരനുമായ അഹ്മദ് അലൗഷ്(32) എന്ന യുവാവ് ആണ് ഗ്രന്ഥം കത്തിക്കൽ പ്രതിഷേധം ഉപേക്ഷിച്ചത്.
തലസ്ഥാന നഗരമായ സ്റ്റോക്ഹോമിലെ ഇസ്രയേലി എംബസിയുടെ മുമ്പിൽ വച്ച് ബൈബിളും തോറയും കത്തിക്കുമെന്ന് ഇയാൾ നേരത്തെ അറിയിച്ചിരുന്നു. ഈ പ്രതിഷേധത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് സ്റ്റോക്ഹോം പോലീസും വ്യക്തമാക്കിയിരുന്നു.
എന്നാൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ, താൻ ഒരിക്കലും മതഗ്രന്ഥങ്ങൾ കത്തിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഖുറാനെ അപമാനിച്ചതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനായിരുന്നു നീക്കമെന്നും അലൗഷ് അറിയിച്ചു.
നേരത്തെ, ഖുറാൻ കത്തിക്കാനുള്ള പ്രതിഷേധ പരിപാടിക്ക് സ്വീഡൻ അനുമതി നൽകിയത് അന്തർദേശീയതലത്തിൽ വലിയ വിമർശനത്തിന് ഇടവരുത്തിയിരുന്നു. എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം ഏവർക്കുമുണ്ടെന്നും മതനിന്ദ നിയമം 1970-കളിൽത്തന്നെ രാജ്യത്തെ നിയമസംഹിതകളിൽ നിന്ന് ഒഴിവാക്കിയതാണെന്നുമാണ് സ്വീഡന്റെ വാദം.
തോറ കത്തിക്കാനുള്ള പ്രതിഷേധത്തിന് അനുമതി നൽകിയതിൽ എതിർപ്പുമായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.