അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്തും മുൻപു വീണ്ടും പരിശോധന
Sunday, July 16, 2023 7:23 PM IST
തിരുവനന്തപുരം: അനധികൃത നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനായി നൽകിയ അപേക്ഷയിൽ വിസ്തീർണം തദ്ദേശ സ്ഥാപനങ്ങൾ വീണ്ടും അളന്ന് ഉറപ്പു വരുത്തും. ഇതിനുശേഷം മാത്രമേ പുതുക്കിയ നികുതിയും പിഴയും നിശ്ചയിച്ചു നൽകേണ്ട തുള്ളുവെന്നാണു നിർദേശം.
അനധികൃതമായി വിസ്തീർണം വർധിപ്പിച്ച കെട്ടിടങ്ങൾക്കു റവന്യു വകുപ്പിന്റെ ഒറ്റത്തവണ പിഴ ഇനത്തിൽ 50 ശതമാനം കൂടി നൽകുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിച്ച ഉയർന്ന വിസ്തീർണമുള്ള കെട്ടിട നികുതി പിഴ ഉൾപ്പെടെ അടയ്ക്കേണ്ടി വരും. കെട്ടിട നികുതിയുടെ മൂന്നിരട്ടിയാണ് അനധികൃത നിർമാണത്തിനു തദ്ദേശ സ്ഥാപനങ്ങൾക്ക് ഈടാക്കാൻ വ്യവസ്ഥയുള്ളത്. വിസ്തീർണം ഉയർത്തിയ കെട്ടിടങ്ങൾക്ക് റവന്യു വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ നികുതിയുടെ 50 ശതമാനം പിഴ ഇനത്തിൽ ഈടാക്കാൻ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നികുതിയും വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ഉയർത്തും. ഇവർക്കു തദ്ദേശ സ്ഥാപനങ്ങളും പിഴ നിശ്ചയിച്ചു നൽകേണ്ട തുണ്ടോയെന്നു തുടർ ചർച്ചകളുടെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. സർക്കാരിനൊപ്പം തദ്ദേശ സ്ഥാപനങ്ങൾക്കും അധിക വരുമാനം കണ്ടെത്താനുള്ള മാർഗമായാണ് ഇതിനെ കാണുന്നത്.