പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ
Tuesday, July 18, 2023 3:08 AM IST
തിരുവല്ല: പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽകാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ജിബിൻ ജോണിനെ (ഇട്ടി -26) യാണ് തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെൺകുട്ടി ആറുമാസംമുമ്പ് മെനഞ്ചൈറ്റിസ് ബാധയേത്തുടർന്ന് മരിച്ചു. തുടർന്നുനടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി നിരന്തര പീഡനത്തിനിരയായ വിവരം പോലീസിന് ലഭിച്ചത്.
ഇതേ തുടർന്ന് കീഴ്വായ്പൂര് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടയ്ക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷി(26)നെ കഴിഞ്ഞ മാർച്ചിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂൺ 20നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തത്. തുടർന്ന് സാക്ഷി മൊഴികളും പെൺകുട്ടിയുടെ മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ജിബിൻ ജോണിന്റെ അറസ്റ്റിൽ കലാശിച്ചത്.
പിടിയിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽ നിന്നും ഇരുപതിലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അടക്കം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്നു ഡിവൈഎസ്പി പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.