ഉമ്മന്‍ ചാണ്ടി ജനകീയനായ നേതാവ്: അനുശോചിച്ച് നിയമസഭാ സ്പീക്കര്‍
Tuesday, July 18, 2023 5:01 PM IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരിക്കലും മറവിയിലാഴാത്ത ഒരു അധ്യായം അവസാനിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ജീവശ്വാസം പോലെ കരുതിയ ആളായിരുന്നു ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിലെ ജനകീയ മുഖം. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ജനങ്ങളെ കേള്‍ക്കാന്‍ തയാറായ ജനകീയനായ നേതാവായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്, 50 വര്‍ഷത്തിലധികം തുടരുക; ഉമ്മന്‍ ചാണ്ടിക്ക് മാത്രം സാധ്യമായ ഒന്നാണ്. ഇനി അങ്ങനെയൊരു റിക്കാര്‍ഡ് ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു.
ഏത് അവശതകള്‍ക്കിടയിലും ഉമ്മന്‍ചാണ്ടി തന്റെ പൊതുജീവിതം സജീവമാക്കി നിലനിര്‍ത്തി. വിമര്‍ശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട്. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച അദ്ദേഹം പുതുതലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠ പുസ്തകമാണെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
മരണംവരെയും എല്ലാ അര്‍ഥത്തിലും ജനപ്രതിനിധിയായ അദ്ദേഹത്തിന് തന്റേയും കേരള നിയമസഭയുടെയും ആദരങ്ങള്‍ അര്‍പ്പിക്കുന്നതായും ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഷംസീര്‍ പറഞ്ഞു.