ക്ഷേത്രത്തിന് കേരള പോലീസ് വക പിരിവ്; സർക്കുലർ പിൻവലിച്ച് കമ്മീഷണർ
Sunday, July 23, 2023 7:25 PM IST
കോഴിക്കോട്: സേനാംഗങ്ങളുടെ ശന്പളത്തിൽ നിന്ന് ക്ഷേത്ര നടത്തിപ്പിനായി എല്ലാ മാസവും സംഭാവന പിരിക്കാനുള്ള വിവാദ സർക്കുലർ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പിൻവലിച്ചു.
കോഴിക്കോട് നഗരപരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സേനാംഗങ്ങളിൽ നിന്നും എല്ലാ മാസവും 20 രൂപ വീതം സംഭാവന പിരിക്കാൻ കമ്മീഷണർ നേരത്തെ ഉത്തരവ് നൽകിയിരുന്നു.
വർഷങ്ങളായി ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല സിറ്റി പോലീസിനാണ്. ശന്പളത്തിൽ നിന്നും സംഭാവന ഈടാക്കാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും തുക നൽകാൻ താൽപര്യമില്ലാത്തവരുടെ വിവരങ്ങൾ ജൂലൈ 24-ന് മുന്പായി സമർപ്പിക്കണമെന്നുമാണ് സർക്കുലറിൽ അറിയിച്ചിരുന്നത്. സംഭവം വിവാദമായതോടെയാണ് കമ്മീഷണർ സർക്കുലർ പിൻവലിച്ചത്.
മുന്പും ക്ഷേത്രപിരിവ് പോലീസ് സേനയിൽ പ്രതിഷേധത്തിന് കാരണമാവുകയും പിന്നിട് നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു.