അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Tuesday, July 25, 2023 7:21 AM IST
കൊല്ലം: കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
മഅദനിയുടെ രക്തസമ്മർദ്ദവും പ്രമേഹവും കൂടിയ അളവിലാണ്. രക്തത്തിലെ ക്രിയാറ്റിന്റെ അളവും കൂടിയ നിലയിലാണ്. അതേസമയം സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ അനുമതിയോടെയാണ് കഴിഞ്ഞയാഴ്ച മഅദനി കേരളത്തിലെത്തിയത്. ബംഗളൂരു സ്ഫോടനക്കേസിലെ വിചാരണതടവുകാരനായ മഅദനി 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണം.
കൊല്ലം എസ്പിയുടെ അനുമതിയോടെ ചികിത്സയ്ക്കായി എറണാകുളത്തേക്കും പോകാം തുടങ്ങിയ ഉപാധികളോടെയാണ് കോടതി കേരളത്തിലേക്ക് പോകാൻ മഅദനിക്ക് അനുമതി നൽകിയത്.
മദനിക്ക് കേരളത്തിൽ കർണാടക പോലീസ് അകന്പടി നൽകേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മദനിക്കെതിരായ കേസിൽ വിചാരണനടപടികൾ പൂർത്തിയായ സാഹചര്യമാണെന്നു സുപ്രീംകോടതി വിലയിരുത്തി. സാക്ഷിവിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ക്രിയാറ്റിന്റെ അളവ് കൂടിവരുന്ന സാഹചര്യത്തിൽ വൃക്ക മാറ്റിവയ്ക്കാനാണു ഡോക്ടർമാരുടെ നിർദേശമെന്നും ഈ സാഹചര്യത്തിൽ കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്ന ആവശ്യവും മദനി കോടതിമുന്പാകെ ഉന്നയിച്ചിരുന്നു.