മന്ത്രിസഭാ യോഗം ഇന്ന്; പ്ലസ്വണ് അധിക ബാച്ച്, ഓണക്കിറ്റ് വിതരണം ചര്‍ച്ചയാകും
Wednesday, July 26, 2023 9:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മന്ത്രിസഭാ യോഗം ചേരും. വടക്കന്‍ ജില്ലകളില്‍ പ്ലസ്വണ് അധിക ബാച്ച് അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണ ചെയ്യുന്നതിലും മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കും.
അവശവിഭാഗങ്ങള്‍ക്കും മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും മാത്രമായിരിക്കും ഇത്തവണത്തെ ഓണക്കിറ്റ് എന്നാണ് സൂചന. കൂടുതല്‍ വിഭാഗങ്ങളെ പരിഗണിക്കണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.
തുടര്‍ച്ചയായ രണ്ട് വര്‍ഷവും 45 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തിരുന്നത്. ഒരു കിറ്റിന് ഏകദേശം 450 രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ ഓണക്കിറ്റ് ചില വിഭാഗങ്ങളിലേക്ക് മാത്രമായി ചുരുക്കുന്നത്. എട്ട് ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്കിയാല് മതിയെന്നാണ് ഭക്ഷ്യവകുപ്പ് ശിപാര്‍ശ.
വടക്കന്‍ ജില്ലകളിലെ പ്ലസ്വണ് സീറ്റ് ക്ഷാമം പരിഹരിക്കാനുള്ള നടപടികളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലായി 97 താല്‍ക്കാലിക ബാച്ചുകള്‍ പുതുതായി അനുവദിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയല്‍ യോഗം പരിഗണിക്കാന്‍ സാധ്യതയുണ്ട്.