മൈക്ക് തകരാര്‍ മനഃപൂര്‍വമല്ല, പത്തു സെക്കന്‍ഡില്‍ പരിഹരിച്ചു; വിശദീകരണവുമായി ഉടമ
സ്വന്തം ലേഖകൻ
Wednesday, July 26, 2023 12:03 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിക്കിടെ തിരക്കിനിടയിൽ ആളുകളുടെ കൈ കണ്‍സോളിൽ തട്ടിയതാണ് മൈക്കിൽനിന്നു മുഴക്കമുണ്ടാകാൻ കാരണമെന്ന് മൈക്ക് സെറ്റ് ഉടമ രഞ്ജിത്ത്.
പത്ത് സെക്കൻഡിനുള്ളിൽ തന്നെ തകരാർ പരിഹരിച്ചു. വിഐപിയുടെ സംസാരം മനഃപൂർവം ആരും തടസപ്പെടുത്തില്ലെന്നും ഉടമ പറഞ്ഞു.
സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിംഗൊക്കെ പതിവാണ്. ചൊവ്വാഴ്ച രാവിലെ പോലീസ് ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്ത പരിപാടികളിലെല്ലാം തന്‍റെ മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഇതുപോലെയുള്ള ഹൗളിംഗ് സാധാരണമാണ്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.
കഴിഞ്ഞ പതിനേഴ് വർഷക്കാലത്തിനിടെ കേസ് വരുന്നത് ആദ്യത്തെ അനുഭവമാണെന്നും എസ്.വി. സൗണ്ട്സ് ഉടമ രഞ്ജിത്ത് കൂട്ടിച്ചേർത്തു.