ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; റിട്ട. അധ്യാപകൻ അറസ്റ്റിൽ
Thursday, July 27, 2023 10:28 PM IST
കണ്ണൂർ: ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കടന്നുപിടിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ. മാതമംഗലം സ്വദേശി ഇബ്രാഹിംകുട്ടിയെ ആണ് പോക്സോ കേസിൽ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ - മാതമംഗലം റൂട്ടിൽ സർവീസ് സ്വകാര്യ ബസിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പെൺകുട്ടി ഇരുന്ന സീറ്റിന് അടുത്താണ് ഇയാൾ ഇരുന്നത്. പയ്യന്നൂർ മുതൽ ആരംഭിച്ച ശല്യപ്പെടുത്തൽ അസഹനീയമായതോടെ, ബസ് കണ്ടോന്താറിൽ എത്തിയപ്പോൾ പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു.
ഇതോടെ പ്രതി തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സഹയാത്രികരും ബസ് ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ചു. മാതമംഗലത്ത് എത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പെരിങ്ങോം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.