കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
Friday, July 28, 2023 5:54 AM IST
ഇംഫാൽ: മണിപ്പുരിൽ കുക്കി സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
മണിപ്പൂർ സർക്കാരുമായി ആലോചിച്ച ശേഷമാണ് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. മണിപ്പൂരിലെ ഹീനകൃത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ബുധനാഴ്ചയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മണിപ്പൂർ സർക്കാർ ശിപാർശ നൽകിയത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം ശിപാർശ അംഗീകരിച്ച് കേസ് സബിഐക്ക് വിട്ടു.
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയയാള്‍ അറസ്റ്റിലായതായും സര്‍ക്കാര്‍ അറിയിച്ചു.