രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് സസ്പെന്ഷന്
Saturday, July 29, 2023 10:04 AM IST
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് സസ്പെന്ഷന്. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രന് നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. 2008ല്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്നായിരുന്നു ആരോപണം. ജില്ലാ സെക്രട്ടറി വി.ജോയിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി.
രക്തസാക്ഷി ഫണ്ട് പിരിച്ച ശേഷം മരിച്ച വിഷ്ണുവിന്റെ കുടുംബത്തിന് പണം കൊടുത്തെന്നും അഞ്ച് ലക്ഷം രൂപ നിയമസഹായത്തിന് വേണ്ടി മാറ്റിവച്ചെന്നുമാണ് ഇയാള്‍ നേരത്തേ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
വിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്.