ജോലിക്ക് ഭൂമി അഴിമതി: ലാലു കുടുംബത്തിന്റെ ആറു കോടിയുടെ വസ്തുവകകൾ ഇഡി കണ്ടുകെട്ടി
Monday, July 31, 2023 7:12 PM IST
ന്യൂഡൽഹി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ ആറു കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന 2004 മുതൽ 2009 വരെയുള്ള കാലത്തെ ഗ്രൂപ്പ് ഡി നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
റെയിൽവെ ജോലിക്കു പകരമായി ഉദ്യോഗാർഥികൾ ലാലുവിന്റെ കുടുംബത്തിനും കൂട്ടാളികൾക്കും ഭൂമി നൽകുകയോ കുറഞ്ഞ നിരക്കിൽ വിൽക്കുകയോ ചെയ്തെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാലുവിന്റെ ഭാര്യ റാബ്റി ദേവിയെ മേയ് മാസം 18 ന് ഇഡി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ആർജെഡി എംപി മിസ ഭാരതി, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരുൾപ്പെടെ ലാലു കുടുംബത്തിലെ മറ്റ് അംഗങ്ങളെയും കേസിൽ ചോദ്യം ചെയ്തു.