അപകീർത്തി പരാമർശക്കേസ്; മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി
Wednesday, August 2, 2023 10:32 PM IST
ന്യൂഡൽഹി: അപകീർത്തി പരാമർശക്കേസിൽ സുപ്രീം കോടതിയിൽ എതിർ സത്യവാംഗ്മൂലം സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാപ്പ് പറയില്ലെന്നും സംഭവത്തിൽ താൻ കുറ്റക്കാരനല്ലെന്നും രാഹുൽ കോടതിയെ അറിയിച്ചു.
കേസിലെ ഹർജിക്കാരനായ പൂർണേഷ് മോദി എന്നയാൾ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ച്, ചെയ്യാത്ത കുറ്റത്തിന് തന്നെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ വ്യക്തമാക്കി. ഇത് നിയമസംവിധാനത്തെ കടുത്ത രീതിയിൽ ദുരുപയോഗം ചെയ്യുന്ന പ്രവൃത്തിയാണ്. ഇത് അംഗീകരിക്കാൻ പാടില്ല.
തനിക്കെതിരായ നിസാര ആരോപണം തള്ളിക്കളഞ്ഞ് വിധി സ്റ്റേ ചെയ്യണമെന്നും പാർലമെന്റിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് രാഹുൽ കോടതിയോട് ആവശ്യപ്പെട്ടു.
കേസ് സുപ്രീം കോടതി പരിഗണിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കി എതിർ സത്യവാംഗ്മൂലം സമർപ്പിച്ചത്.